തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ചാന്നാങ്കരയിൽ പ്രവർത്തിക്കുന്ന ഐസ് ഫാക്ടറിയിലാണ് സംഭവം. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പമ്പ് ഓപ്പറേറ്ററായ ആസാം സ്വദേശിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലുള്ളത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിലാണ് അമോണിയ ചോർച്ചയുണ്ടായത്.
വാൽവ് തകരാറിലായതാണ് അമോണിയ ചോർച്ചയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്നിശമന സേന യൂണിറ്റ് വാൽവ് അടച്ച് ചോർച്ച പരിഹരിച്ചു.